കുളവാഴയെ ഒതുക്കാന്‍ മോഹന്‍ദാസ് കോളേജിലെ സ്റ്റുഡന്റ് ഇന്നവേഷന്‍

കേരളത്തിലെ കായലുകളിലും തോടുകളിലും ധാരാളമായി കണ്ടുവരുന്ന സസ്യമാണ് കുളവാഴ. ഇവയുടെ വ്യാപനം ചെറുതല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബോട്ടു സര്‍വീസുകള്‍ക്കും മത്സ്യബന്ധനത്തിനുമെല്ലാം കുളവാഴകള്‍ തടസം സൃഷ്ടിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് തിരുവനന്തപുരം മോഹന്‍ദാസ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ ആദിത്യ ശങ്കര്‍, ഷാനു അസീസ്, അനന്തു മഹീന്ദ്ര, ജിഷ്ണു ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ ഹയാസിന്ത് റിമൂവര്‍ ഡെവലപ് ചെയ്തത്. channeliam.com സ്റ്റുഡന്റ് ലേണിംഗ് പ്രോഗ്രാം I AM Startup Studio, മോഹന്‍ദാസ് കോളേജിലെ ഇന്നവേഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.

കുളവാഴകള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. ഇത് ജലത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. അലപ്പുഴയിലും മറ്റ് പല പ്രദേശങ്ങളിലും കായലുകളെ വിനോദസഞ്ചാര കേന്ദ്രമായാണ് കണക്കാക്കുന്നത്. എന്നാല്‍ കുളവാഴകള്‍ അത്തരം പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനൊരു പരിഹാരമാണ് തങ്ങളുടെ പ്രൊഡക്ടെന്ന് ആദിത്യ ശങ്കര്‍ വ്യക്തമാക്കുന്നു. പ്രൊഡക്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ചിലവ് കുറവാണെന്നതാണ്.

ബെല്‍കണ്‍ കണ്‍വേയര്‍ മെക്കാനിസമാണ് പ്രൊജക്ടിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ബക്കറ്റ് എന്ന പേരിലുള്ള സംവിധാനം ഘടിപ്പിക്കും. ഇത് കറങ്ങുമ്പോള്‍ കുളവാഴകള്‍ ബക്കറ്റിലേക്ക് കയറും. ബക്കറ്റുകള്‍ കറങ്ങി കട്ടിംഗ് യൂണിറ്റിലെത്തും. കട്ടിംഗ് യൂണിറ്റില്‍ ധാരാളം ബ്ലേഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവ ഉയര്‍ന്ന ആര്‍പിഎമ്മില്‍ കറങ്ങുന്നു. കുളവാഴകള്‍ അതില്‍ വീഴുകയും കഷ്ണങ്ങളാകുകയും ചെയ്യുന്നു. ബോട്ടിനകത്തായിരിക്കും കട്ടിംഗ് യൂണിറ്റ് സ്ഥാപിക്കുക. കഷ്ണങ്ങളായ കുളവാഴകള്‍ ബോട്ടിലായിരിക്കും ശേഖരിച്ചുവെക്കുക. പിന്നീട് ബോട്ടില്‍ നിന്ന് അത് മാറ്റാം. പോര്‍ട്ടബിള്‍ ഡിവൈസാണ് വാട്ടര്‍ ഹയാസിന്ത് റിമൂവര്‍.

വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത് വര്‍ക്കിംഗ് മോഡല്‍ മാത്രമാണ്. മെക്കാനിസം വിശദീകരിക്കാനും കോളേജില്‍ പ്രസന്റ് ചെയ്യാനും വേണ്ടി മാത്രമായിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കെയിലപ് ചെയ്ത് പ്രൊഡക്ടാക്കി മാറ്റി മാര്‍ക്കറ്റിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് സ്റ്റാര്‍ട്ടപ്പ് തുടങ്ങി മുന്നോട്ട് പോകാനാണ് വിദ്യാര്‍ഥികളുടെ ആഗ്രഹം.

ആലപ്പുഴയിലേക്ക് നടത്തിയൊരു യാത്രയാണ് ഇത്തരമൊരു പ്രൊഡക്ട് നിര്‍മ്മിക്കുന്നതിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചത്. ബോട്ടിംഗിനിടെ കുളവാഴകള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണുകയും അത് അവിടം നേരിടുന്ന വലിയൊരു പ്രശ്നമാണെന്ന് മനസിലാക്കുകയും ചെയ്തു. തിരുവനന്തപുരം ആക്കുളത്തുള്‍പ്പെടെ സംസ്ഥാനത്ത് കുളവാഴകള്‍ സൃഷ്ടിക്കുന്ന പ്രശ്നം രൂക്ഷമാണെന്ന് മനസിലാക്കിയപ്പോഴാണ് ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനെ കുറിച്ച് ചിന്തിച്ചത്.

കെസിഎസ്ടിയില്‍ നിന്ന് 20,000 രൂപ ഫണ്ട് ഇവരുടെ പ്രൊജക്ടിന് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന TechConല്‍ ഈ പ്രൊജക്ട് അവതരിപ്പിച്ചു. കൂടാതെ കോളേജ് മാനേജ്‌മെന്റില്‍ നിന്നും ഗൈഡ് പ്രൊഫസര്‍ പ്രദീപില്‍ നിന്നുമെല്ലാം മികച്ച പിന്തുണ ലഭിച്ചതായും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.

ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ I am Startup Studio ക്യാംപസ് അംബാസിഡറാണ്.

Social Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!